ചൈനയിലെ നോമ്പ് നിരോധനം

ചൈനയിൽ നോമ്പല്ല ജുമുഅ പോലും നിയമം കൊണ്ട് നിരോധിച്ച രാജ്യമാണ്. 18 വയസ്സാവാതെ ആരെയും നോമ്പ് പിടിക്കാനോ നിസ്കരിക്കാനോ ഭരണകൂടം‌ അനുവദിക്കില്ല. പതിനെട്ട് വയസു കഴിഞ്ഞവർക്ക് വീട്ടിനുള്ളിൽ വെച്ച് നോമ്പ് നോൽക്കാം. ഗവണ്മെന്റ് സർവ്വീസിൽ ജോലി ചെയ്യുന്നവർക്ക് നോമ്പ് നോൽക്കാൻ സാധിക്കില്ല, ബലമായി ഭക്ഷണം തീറ്റിക്കുകയോ ജോലിയിൽ നിന്ന് പിരിച്ച് വിടുകയോ രണ്ടും കൂടി ഒരുമിച്ചോ ചെയ്യും.
ജുമുഅ നടക്കുന്ന പള്ളിക്ക് മുമ്പിൽ കർണ്ണകഠോരമായ‌ ശബ്ദത്തിൽ പാട്ട് വെക്കും. ജുമുഅ കഴിയുന്നത് വരെ ഈ പാട്ട് പോലീസിന്റെയോ പട്ടാളത്തിന്റെയോ പാർട്ടി പ്രവർത്തകരുടേയോ നേതൃത്വത്തിൽ എല്ലാ പള്ളികൾക്കും മുമ്പിൽ വെക്കും. ചില സമയത്ത് വലിയ സ്ക്രീനിൽ ബ്ലൂ ഫിലിം വരെ ജുമുഅ സമയത്ത് പള്ളിക്ക് മുമ്പിൽ വലിയ ശബ്ദത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. മുസ്ലിംകൾക്ക് ഹജ്ജിന് പോവാൻ അനുവാദമില്ല അനുവാദം കൂടാതെ ഹജ്ജിന് പോയാൽ ജയിൽ ശിക്ഷ ഉറപ്പാണ്, ചിലപ്പോൾ അനിശ്ചിത കാലത്തേക്ക് തടവിലിടും.
അതേ സമയം ചൈനീസ് ഭരണകൂടത്തിന്റെ ഇഫ്താർ പാർട്ടിയും ഭരണകൂടം സ്വന്തം ചെലവിൽ നിർമ്മിച്ച പള്ളികളും (പൗരന്മാർക്ക് നിർമ്മിക്കാൻ അവകാശമില്ല) ഭരണകൂടം ശംബളം കൊടുക്കുന്ന 'ഇമാമുകളും' എല്ലാം ചൈനയിൽ ഉണ്ട്. ചൈനയിൽ മെയിൻ ലാന്റിലും സർക്കാർ ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കും പാർട്ടി മെമ്പർമാർക്കും മാത്രമാണ് നോംബ് നിരോധനമുള്ളത്. അല്ലാത്തവർക്കാണ് പള്ളിയും നോമ്പ് തുറകളും എല്ലാം.
ഇത് പരസ്പര വിരുദ്ധമായ പ്രവർത്തിയല്ലേ എന്ന് ചോദിക്കാം.
ഉത്തരം അല്ല എന്നാണ്.
ആദ്യം പറഞ്ഞ പ്രവർത്തികൾ നടക്കുന്നത് ചൈനയിലെ സിങ്ജിയാങ്ങ് പ്രവിശ്യയിലെ‌ താരിം ബസിൻ എന്ന് സ്ഥലത്താണ്. അവിടെ ഇംഗ്ലീഷിൽ ഉയ്ഗൂർ എന്ന് എഴുതിയാലും വൈഗൂർ എന്ന് വായിക്കേണ്ട ജനവിഭാഗം‌ സഹസ്രാബ്ദങ്ങളായി താമസിക്കുന്ന സ്ഥലമാണ്. അവർക്ക് ചൈനീസ് മെയിൻ ലാന്റുമായോ അവരുടെ സംസ്കാരവുമായോ ഭക്ഷണരീതിയുമായോ മതവുമായോ ഭാഷയുമായോ ജനങ്ങളുടെ രൂപവുമായോ ഒരു ബന്ധവുമില്ല. കണ്ടാൽ അവർ യൂറോപ്യരെപ്പോലെയോ പശ്ചിമേഷ്യക്കാരെപ്പോലെയോ തുർക്കികളെപ്പോലെയോ ഇരിക്കും. സ്ഥലം കണ്ടാൽ ഈജിപ്തിനെപ്പോലെയോ സൗദിയെപ്പോലെയോ ആണ്. മരുഭൂമിയും ദുർഘടമായ പർവ്വതങ്ങളുമുള്ള എന്നാൽ കൃഷിക്ക് യോജിച്ച ഫലഫൂയിഷ്ടമായ മണ്ണുമാണ്. പല വിധ രാജാക്കന്മരും രാജ വംശങ്ങളും ഭരിച്ച ഈ ഭൂവിഭാഗം 1949 ൽ ചൈന ബലമായി കയ്യിലാക്കുകയായിരുന്നു. എന്നാലും ടിബറ്റും കശ്മീരും പോലെ സ്വയം ഭരണാവകാശമുള്ള ഒരു പ്രദേശമായിട്ടാണ് അതിനെ ഉൾപ്പെടുത്തിയത്. ഇത് കടലാസിൽ മാത്രമേ ഉള്ളൂ.‌‌ ചൈന, മുസ്ലിംകളാണ് എന്ന് കാരണത്താൽ‌ എന്നും അടിച്ചമർത്താനാണ് ശ്രമിക്കുന്നത്.
കമ്മ്യൂണിസ്റ്റ് ചൈനീസ് റിപ്പബ്ലിക്ക് ആധിപത്യം വന്നത് മുതൽ അവിടേക്ക്‌ ചൈനയിലെ ഏറ്റവും വലിയ വംശമായ ഹാൻ വംശജരെ‌ അങ്ങോട്ട് കയറ്റി അയച്ചു. ആയിരക്കണക്കിന് വർഷങ്ങളായി അവിടെ താമസിക്കുന്ന വെയ്ഗൂർ വംശജർ സ്വന്തം നാട്ടിൽ ന്യൂനപക്ഷമായി. പിന്നീട് അവർ സ്വന്തം നാട്ടിൽ അഭയാർത്ഥികളാക്കപ്പെട്ടു. ഇസ്ലാം മതം ഫലത്തിൽ നിരോധിക്കപ്പെട്ടു. സ്വയം ഭരണാവകാശം ഉണ്ടെങ്കിൽ പോലും ഒരു ജുമുഅ നടത്താനോ നോമ്പ് പിടിക്കാനോ പോലും കഴിയാതായി.

സിൻജിയാങ്ങിന്റെ സ്വാതന്ത്ര്യത്തിന് ഊർജ്ജം നൽകി കൂടെയുണ്ടായിരുന്ന സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ അവരുടെ കഷ്ടകാലം ഒന്ന് കൂടി ദുരിതപൂർണ്ണമായി. മാർക്കറ്റിൽ പോയാൽ സ്വന്തം ഭാഷ മനസിലാവാത്ത സ്ഥലമായി സ്വന്തം നാട് മാറി. ഇതും കൂടാതെ വെയ്ഗൂർ പെൺകുട്ടികളെ പ്രേമം നടിച്ച് പ്രോപ്പർ ചൈനയിലേക്ക് കൊണ്ട് പോയി മതവും സംസ്കാരവും മാറ്റി അവരുടെ വ്യതിരിക്തമായ സംസ്കാരം തുടച്ച് നീക്കാനും ചൈന ശ്രമങ്ങൾ നടത്തിക്കൊണ്ടിരുന്നു‌.
ഇതിനെതിരെ ഒറ്റപ്പെട്ട പ്രതിഷേധങ്ങളുണ്ടായി. പരിപൂർണ്ണമായും സമാധാനപരമായി നടത്തിയ പ്രതിഷേധ സമരങ്ങളെ ലൈവ് ബുള്ളറ്റുകൾ കൊണ്ടാണ് കമ്മ്യൂണിസ്റ്റ് ചൈന നേരിട്ടത്. പ്രകടനങ്ങൾ രക്തപ്പുഴകളായി മാറിയപ്പോൾ ബിബിസി ചാനലിലെ വിശകലനങ്ങൾ ജിഹാദിസത്തിന്റെ ആവിർഭാവം പ്രവചിച്ചു (1997 മുതൽ ഞാൻ വെയ്ഗൂർ രാഷ്ട്രീയം ശ്രദ്ധിക്കുന്നുണ്ട്) പക്ഷേ‌ രക്തപ്പുഴകളെ‌ ചൈന ഇരുമ്പുമറക്കുള്ളിലാക്കി അടിച്ചു തളിച്ചു മൂടിവെച്ചു. മണിക്കൂറുകൾക്കകം രക്തപ്പുഴകൾ ടാങ്കർ ലോറികളിൽ വെള്ളം കൊണ്ട് വന്ന് കഴുകി വൃത്തിയാക്കി. ആയിരങ്ങൾ ഒരു സുപ്രഭാതത്തിൽ ആവിയായിപ്പോയി. ഇത് കൂടാതെ വീടുകളിൽ നിന്നും അറസ്റ്റ് ചെയ്യപ്പെട്ടവരെക്കുറിച്ച് പിന്നീട് വിവരമില്ലാതായി. ചൈനീസ് ഭരണകൂടം സ്വന്തം ജയിൽപ്പുള്ളികളുടെ അവയവങ്ങൾ ഔദ്യോഗികമായിത്തന്നെ കച്ചവടമാക്കാറുണ്ട്. പതിനായിരക്കണക്കിന് വൈഗൂറുകാർ സ്പെയർ പാർട്ട്സുകളായി മാറി ലോകത്ത് നിരവധി ശരീരങ്ങളിൽ സന്നിവേശിക്കപ്പെട്ടു.
ഇനി ചൈന പ്രോൽസാഹിപ്പിക്കുന്ന ഇസ്ലാം മതം ഏതാണെന്ന് നോക്കാം. ചൈനയിലെ പ്രബലമായ വംശം ഹാൻ ആണ്. അവർ കമ്മ്യൂണിസ്റ്റുകാരും ബുദ്ധമതക്കാരും ന്യൂനപക്ഷമായ ക്രിസ്ത്യാനികളുമൊക്കെയാണ്. വളരെ വിരളമായി, മതം മാറിയ ഹാൻ മുസ്ലിംകളും ഉണ്ട്. ഹുയി വംശജരാണ് ചൈനീസ് മുസ്ലിംകൾ. അവരെ തമിഴ്നാട്ടുകാരെ നമുക്ക് തിരിച്ചറിയാൻ കഴിയുന്നത് പോലെ അവർക്ക് തമ്മിൽ തിരിച്ചറിയാം, പക്ഷേ നമുക്ക് ഒറ്റ നോട്ടത്തിൽ എല്ലാവരും മംഗോളിയൻ രൂപമുള്ളവരാണ്. ഹുയിക്കാരെല്ലാം പാരമ്പര്യമായി മുസ്ലിംകളാണെന്ന് പറയാം.
ചൈനയിലെ പള്ളികൾ കമ്മ്യൂണിസ്റ്റ് ഭരണകൂടമാണ് നിർമ്മിക്കുന്നതും നടത്തുന്നതും‌. അവിടെ ഖതീബാവാൻ വേണ്ട‌ യോഗ്യത കറ കളഞ്ഞ കമ്മ്യൂണിസ്റ്റ് ആയിരിക്കുക എന്നതാണ്‌. പാർട്ടി മീറ്റിംഗുകൾ പോലെയായിരിക്കും ജുമുഅ ഖുതുബ. അറബിക് ഒരു കഷണം അറിയണമെന്നില്ല. മാവോയുടേയും മാർക്സിന്റെയും തത്വങ്ങളായിരിക്കും ഒന്നാം ഖുതുബയും രണ്ടാം ഖുതുബയും. എന്നും ജുമുഅക്ക് പോവുന്നവർക്ക് ഇസ്ലാമിനെക്കുറിച്ച് ഒന്നും അറിയില്ലെങ്കിലും മാർക്സിസത്തെക്കുറിച്ച് പാർട്ടി പോളിറ്റ് ബ്യൂറോ മെംബർമാരെക്കാൾ നന്നയി അറിയാം. കാരണം ഹുയി മുസ്ലിംകൾ മാത്രമാണ് ആഴ്ച തോറും ഉൽബുദ്ധരാവുന്നത്. (ഇത് വെറുതെ പറഞ്ഞതല്ല, ചൈനീസ് യുവതലമുറക്ക് കമ്മ്യൂണിസത്തെക്കുറിച്ച് വലിയ പിടിയോ പ്രതിബദ്ധതയോ വിവരമോ ഇല്ല. എന്നാൽ ഹുയിക്കാർക്ക് നല്ല വിവരമാണ്.)
സ്വയം ഭരണം കടലാസിൽ ഉണ്ടായിട്ടും കഴിഞ്ഞ അഞ്ചെട്ട് വർഷങ്ങളായി കമ്മ്യൂണിസ്റ്റ് പണ്ഡിതന്മാരെ സിൻജിയാങ്ങിൽ ഖതീബുകളാക്കി.‌ ബ്ലൂഫിലിം വെച്ചിട്ടും ജുമുഅക്ക് പോക്ക് അവർ നിർത്തിയിരുന്നില്ല പക്ഷേ ഖത്തീബുമാർ കമ്മ്യൂണിസ്റ്റുകളായപ്പോൾ വെയ്ഗൂറുകാർ പള്ളിയിൽ പോവാതെയായി. അവർ വീടുകളിൽ രഹസ്യമായി ജുമുഅ നടത്തി. ഇത് ചാരന്മാർ മുഖേന‌ മണത്തറിയുന്ന ഗവണ്മെന്റ് ജുമുഅക്ക് കൂടുന്നവരെ സ്പെയർ പാർട്ട്സുകളാക്കി കമ്മ്യൂണിസ്റ്റ് രാജ്യത്തെ മൂലധനമായി വിലയം പ്രാപിച്ചു‌.
താലിബാനോടൊപ്പം യുദ്ധം ചെയ്ത വെയ്ഗൂറുകാരെ അഫ്ഘാൻ അധിനിവേശ സമയത്ത് പാകിസ്ഥാനികൾ അമേരിക്കക്ക് പിടിച്ച് കൊടുത്ത് ആൾക്കൊന്നിന് 2000 ഡോളർ‌ വാങ്ങി. അവരെ അമേരിക്ക ഗ്വാണ്ടനാമോയിൽ പിടിച്ചിട്ടു. അമേരിക്കക്കെതിരെ കുറ്റമൊന്നും ചെയ്യാത്തത് കൊണ്ട് അവരെ ചൈനയിലേക്ക് തിരിച്ചയക്കാൻ അമേരിക്ക തയ്യാറായില്ല. കാരണം അവരൊക്കെ സ്പെയർപാർട്ട്സുകൾ ആയി മാറുമെന്ന് അവർക്കറിയാമായിരുന്നു. അവരെ ലാറ്റിൻ അമേരിക്കയിലെ ഒന്ന് രണ്ട് രാജ്യങ്ങളാണ് ഏറ്റെടുത്തത് എന്നാണ് എന്റെ ഓർമ്മ.
എന്തായാലും മൃഗീയമായ അടിച്ചമർത്തലുകൾ കാരണം വാർത്താവിശകലനക്കാരുടെ പ്രവചനങ്ങൾ കുറേയൊക്കെ സത്യമായി പുലർന്നു. എണ്ണം കുറവെങ്കിലും വൈഗൂറുകാർ താലിബാനിലും അൽഖായിദയിലും ഇപ്പോൾ നുസ്രയിലും ഇസ്ലാമിക് സ്റ്റേറ്റിലും ചേർന്നു (ഏറ്റവും കൂടുതൽ ഐ എസിലാണ്, ഏതാണ്ട് മുന്നൂറ് നാനൂറ് വൈഗൂറുകാർ ഐ എസിലുണ്ട്, കുറച്ച് പേർ നുസ്രയിലും കുറച്ച് അഹ്രാർ അശ്ശാമിലും കുറച്ച് പേർ താലിബാനിലും ഉണ്ട്).
കഴിഞ്ഞ ഹജ്ജ് കാലത്ത് സൗദിയിലേക്ക് പോവുകയായിരുന്ന എനിക്ക് രണ്ട് വൈഗൂർ ഫാമിലികളെ പരിചയപ്പെടാൻ കഴിഞ്ഞിട്ടുണ്ട്. ഹജ്ജിന് പോവാൻ അനുവാദമില്ലാത്തത് കൊണ്ട് അവർ എമ്പ്ലോയ്മെന്റ് വിസയിലാണ് ഹജ്ജിന് വരിക. ജിദ്ദ ഇമ്മിഗ്രേഷൻ വകുപ്പിൽ ജോലി‌ ചെയ്യുന്നവർക്ക് അവസ്ഥ അറിയാവുന്നത് കൊണ്ട് അവരെ ഗവണ്മെന്റ് തന്നെ ഹജ്ജ് ടെർമിനലിലേക്ക് അയക്കും. അന്ന് സൗദി എയർലൈൻസിലെ ഉക്രൈൻ കാരും, ചെക് റിപബ്ലിക് കാരുമായ എയർ ഹോസ്റ്റസുമാർക്ക് ഈ വിവരം അറിയാത്തത് കൊണ്ട് അവർ ക്യാപ്റ്റനെ വിളിച്ചപ്പോൾ വൈഗൂർ ഭാഷ മാത്രം അറിയാവുന്ന അവർക്ക് വേണ്ടി (ഒരു പെൺകുട്ടിക്ക് മാത്രം മുറിയൻ ഇംഗ്ലീഷ് അറിയാം എന്നാൽ എന്റെ ഉച്ചാരണം അവർക്കും അവരുടെ ഉച്ഛാരണം എനിക്കും തിരിയാഞ്ഞത് കൊണ്ട് ഒരു കടലാസിൽ ചോദ്യവും മറുപടിയും എഴുതി ക്യാപ്റ്റന് വിശദീകരിച്ച് കൊടുക്കേണ്ടി വന്നിട്ടുണ്ട്. ഹജ്ജ് വളണ്ടിയർ ആയിരുന്നപ്പോൾ കുറച്ച് ഹുയി വംശജരോടും സംസാരിക്കാൻ കഴിഞ്ഞിട്ടുണ്ട്


കടപ്പാട്  :  

Navas Jane

0 comments:

Leave a Comment

Contact Form

Name

Email *

Message *

Back to Home Back to Top വ്യത്യസ്തന്‍ . Theme ligneous by pure-essence.net. Bloggerized by Chica Blogger.